Sunday, March 30, 2014


കാളവണ്ടി
...........
വരുമ്പോഴേ കേള്‍ക്കാം
ക്ണീം..ക്ണീം.....മേളം.
ലാടം പതിച്ച കാലിന്‍റെ
കട കട ശബ്ദമത് വേറെയും 
ട്ര്‍ര്‍.....ട്ര്‍ര്‍എന്നൊന്ന് വേറേയും

തോര്‍ത്ത് മുണ്ട് തലേല്‍കെട്ടി
കോരനപ്പോഴുമുണ്ടാകും
ഒരു ചെറുചാട്ടയുമാട്ടിയാട്ടി
രണ്ടു വീലുരുട്ടാനായ്
എട്ട് കാലിന് വളയം പിടിച്ച്‌.

ഗ്രാവലിട്ട വഴികളിലൂടെ
പൊടി പറത്താതെയുള്ള
ശബ്ദമാലിന്യമൊട്ടുമില്ലാതെ
ഇരുതലയുമാട്ടി വാല്‍ ചുഴറ്റി
പരിഭവിക്കാത്ത കൊമ്പന്‍യന്ത്രങ്ങള്‍ .

കഞ്ഞിയും കാടിയും പള്ളനിറച്ച്
കാതങ്ങളോളം ആഞ്ഞുവലിച്ച
എട്ടുകാലും രണ്ടു വീലും
ട്ര്‍ര്‍.....ട്ര്‍ര്‍ന്ന് ചൂളം വിളിച്ച
ചാട്ട പിടിച്ച ഒരു വണ്ടിക്കാരനും

ചരിത്രത്തിന്‍റെ ശേഷിപ്പ് പോലെയിന്ന്‍
പുതുക്കിപ്പണിത് വെച്ചിട്ടുണ്ടാകും
ഇങ്ങനെയൊന്നുണ്ടായിരുന്നൂന്ന്‍
ഗ്രാമീണതയുടെ ആ സൌന്ദര്യത്തെ
പുതുതലമുറയെ ഓര്‍മ്മപ്പെടുത്താന്‍..!!

ദിലീഷ് ഉഷസ്

No comments:

Post a Comment