Sunday, March 30, 2014

പൊതിച്ചോറ്
.......................
ഒറ്റക്കിരിക്കുമ്പോ
അറിയാതൊന്നു കണ്ണടച്ചാല്‍
ഓടിയെത്തുന്നൊരു മണം
സുഗന്ധം നിറഞ്ഞ മുറിയിലും 
വേറിട്ട്‌ നില്‍ക്കുന്നയീമണം
ആ പൊതിച്ചോറിന്‍റെ മണം

മുട്ടയടിച്ച വാഴകള്‍
പിണങ്ങിപ്പരാതി പറഞ്ഞാല്‍
അയലത്തെ വാഴേടെ
പരാതീം കേട്ടിലയും വെട്ടി
ചെറുതീയില്‍ കായിച്ച്
ചോറും പൊതിഞ്ഞു കെട്ടി
സഞ്ചിയിലാക്കിപ്പോയ ഓര്‍മ്മകള്‍

നാക്കിലയൊരെണ്ണം വെട്ടി
ചെറുതീയില്‍ കായിച്ച്
അതില്‍ ചെറുചൂടോടെ ചോറുമിട്ട്
ഉരുളയുരുട്ടിയ ചമ്മന്തീം
പൊരിച്ച മുട്ടയോ തോരനോ
തലേന്ന് പൊരിച്ച മീനോ വെച്ച്
പൊതിഞ്ഞ് കെട്ടിത്തരുമമ്മ

മുന്നിലോട്ട് വെച്ചത് തുറക്കും
മുന്നേയൊരു കൊതിയൂറലുണ്ട്
തുറക്കുമ്പോള്‍ വരുന്നൊരു ഗന്ധമുണ്ട്
പൊരിച്ചമീനും ചമ്മന്തീം തോരനുമെല്ലാം
ചോറിന്‍റെ ചെറുചൂടിലൊന്നായ്‌
മദിപ്പിച്ചുകൊണ്ടുള്ളയൊരു ഗന്ധം
മത്തടിച്ചിരുന്ന്‍ തിന്ന നാളുകള്‍

ഡബ്ബയും ചോറ്റുപാത്രവുമുണ്ടേലും
വാഴയിലക്കായ് വാശിപിടിച്ച നാളുകള്‍
പൊതിച്ചോറും കെട്ടി മണം പിടിച്ച്
ഉച്ചയാകാന്‍ വെമ്പിയിരുന്നയാക്കാലം
ഇന്നും കണ്ണൊന്നടച്ചാലോടി വരുന്ന
പൊതിഞ്ഞ്കെട്ടിയ ചോറ് പൊതികളും
മദിപ്പിച്ചിരുന്നൊരാ ചോറിന്‍ ഗന്ധവും ...!!

ദിലീഷ് ഉഷസ്
 

No comments:

Post a Comment