Sunday, March 30, 2014

തെരുവ് തെണ്ടി
.........................
കൈ രണ്ടും ചുരുട്ടി
കരഞ്ഞുകൊണ്ട്‌ നീ വന്നപ്പോ
നീയറിഞ്ഞിരുന്നതേയില്ല
കരയുന്നൊരു ജന്മമായി 
തെരുവിലലയാനായ്
നിന്‍റെ വിധിയാരോ എഴുതിയെന്ന്‍ .

തെരുവ്കുപ്പയില്‍
ഉറങ്ങിയുണര്‍ന്ന്‍ നീ
കൈ കാലടിച്ച് കരയുമ്പോള്‍
നിന്നെയാരും കാണാതെ
അമ്മത്തൊട്ടിലൊരുങ്ങിയില്ലെങ്കില്‍
തെരുവ് നായ് എങ്കിലും വരും
നിന്‍റെ കണ്ണീര് നക്കിത്തോര്‍ക്കുവാന്‍

കൈ നീട്ടി കണ്ണീരൊഴുക്കി
നെഞ്ചു പൊട്ടി കേഴുമ്പോള്‍
നാക്കിലയിലെച്ചിലായെങ്കിലും
നിന്‍റെ കുടലുണങ്ങാതിരിക്കാന്‍
ഒരു തുള്ളി വെള്ളമായാരെങ്കിലും
നോട്ടം തിരിക്കും നിന്‍റെ നേരെ .

മുദ്രകളൊരുപാട് കിട്ടും നിനക്ക്
വയറുകൊട്ടി പാട്ടും പാടി
ദേശം തോറുമലയുമ്പോള്‍
നിനക്ക് അയിത്തം കല്‍പ്പിച്ച്
അടി എണ്ണി മാറ്റി നിര്‍ത്തും
മ്ലേച്ഛമെന്നപോലെ നീ വെറുക്കപ്പെടും
നീ തെരുവിന്‍റെ മകനായത്‌ കൊണ്ട്

സദാചാരത്തിന്‍റെ വേലിക്കകത്ത് നിന്ന്‍
പകലറുമാദിക്കുന്നോനൊക്കെ
രാത്രിയില്‍ വേലി പൊളിക്കും
തെരുവിലെയടിമകളുടെയിടം തേടി
കാമം കത്തിക്കയറുമ്പോളൊരു പക്ഷേ..!!
നിന്നേയും തേടി വന്നേക്കാമവര്‍

നീ തെരുവ് തെണ്ടിയാണ്
മാതൃപിത്യത്വങ്ങള്‍ ഏറ്റെടുക്കാന്‍
ആരുമില്ലാതെയലയുന്നോന്‍
കിട്ടുന്നതെന്തായാലുമേറ്റ് വാങ്ങേണ്ടവന്‍
പരാതീം പരിഭവവുമില്ലാതെയലഞ്ഞ്
പശിമാറ്റി തെരുവിലൊടുങ്ങേണ്ടവന്‍ .

.........................................ദിലീഷ് ഉഷസ്

No comments:

Post a Comment